സഹോദരന്‍ അയ്യപ്പന്‍

ജാതിഭ്രഷ്‌ടിനെതിരെ ശബ്‌ദമുയര്‍ത്താന്‍ തയ്യാറായ സാമൂഹിക നേതാവാണ്‌ സഹോദരന്‍ അയ്യപ്പന്‍. ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ പ്രതിഷ്‌ഠാവേളയിലാണ്‌ നാരായണഗുരു അയ്യപ്പനെ കണ്ടു മുട്ടിയത്‌. ഗുരുവിന്റെ ചിന്തകളെ ഉയര്‍ത്തിക്കാട്ടുവാനുള്ള യത്‌നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്നു പറയാം. നാലു വര്‍ഷക്കാലത്തോളം എസ്‌.എന്‍.ഡി.പി യോഗം പ്രസിഡന്റായും, കൊച്ചിയിലും തിരു-കൊച്ചിയിലും നിയമസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. മനുഷ്യര്‍ പുലര്‍ത്തേണ്ട ഏറ്റവും മികച്ച കര്‍മ്മം ധര്‍മ്മപരിപാലനമാണെന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്നു.

അവശ സമുദായങ്ങളുടെ സാമൂഹ്യമായ അനാചാരങ്ങളും, ബുദ്ധിശൂന്യമായ വിശ്വാസങ്ങളും നിരാകരിക്കുവാനുള്ള ആഹ്വാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍. ഈഴവര്‍ തങ്ങളെക്കാള്‍ താണവരുമായി സാത്മ്യം പ്രാപിച്ചെങ്കില്‍ മാത്രമേ സവര്‍ണ്ണര്‍ക്ക്‌ തുല്യമായി അവര്‍ക്ക്‌ മാറാന്‍ കഴിയൂ എന്ന സത്യം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. ഈ ലക്ഷ്യത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ്‌ മിശ്രഭോജനം ആസൂത്രണം ചെയ്‌തത്‌. ജാതി വ്യത്യാസം ശാസ്ര്‌ത വിരുദ്ധവും, ദോഷകരവും അനാവശ്യവുമാണ്‌. അതിനെ ഇല്ലാതാക്കാന്‍ കഴിയുന്നതൊക്കെ ചെയ്യാമെന്ന്‌ താന്‍ സത്യം ചെയ്‌തു കൊള്ളുന്നു എന്ന്‌ പറയുകയും, ഈ സത്യവാചകം സഭയില്‍ കൂടിയിരുന്നവരെക്കൊണ്ട്‌ ഏറ്റുപറയിച്ച്‌ താണ ജാതിയില്‍ പെട്ടവരോടൊത്ത്‌ മിശ്രഭോജനത്തിന്‌ തുടക്കം കുറിക്കുകയും ചെയ്‌തു.

അതോടെ ഈഴവ സമുദായത്തിലെ യാഥാസ്ഥിതികര്‍ അദ്ദേഹത്തെ പുലയനയ്യപ്പന്‍ എന്ന്‌ വിളിച്ചു തുടങ്ങി. അങ്ങനെയാണ്‌ സഹോദര സംഘത്തിന്റെ രൂപീകരണത്തിലേക്കെത്തിയത്‌. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും തിരെ ശാസ്ര്‌തീയമായ യുക്‌തിയുടെ പിന്‍ബലത്തോടെ അദ്ദേഹം പ്രസംഗിച്ചു. മിശ്രഭോജനം നടത്തിയതിന്റെ പേരില്‍ ധാരാളം എതിര്‍പ്പുകളെ അദ്ദേഹത്തിന്‌ നേരിടേണ്ടി വന്നു.

സഹോദരസംഘത്തിനു വേണ്ടി ഗുരു ഒരു സന്ദേശം എഴുതി നല്‍കി. മനുഷ്യരുടെ ജാതി ഒന്നായതു കൊണ്ട്‌ വിവാഹവും, പന്തിഭോജനവും ചെയ്യുന്നതിന്‌ ദോഷമില്ല എന്ന്‌ ഗുരു നല്‍കിയ സന്ദേശം പില്‍ക്കാലത്ത്‌ ഒരു മഹാസന്ദേശമായി അറിയപ്പെട്ടു. പിന്നീടത്‌ ജാതീയ വേര്‍തിരിവിനെതിരെയുള്ള ശക്‌തമായ വിളംബരമായി മാറുകയായിരുന്നു. സന്ദേശത്തിന്റെ പ്രതികള്‍ അച്ചടിപ്പിച്ച്‌ നാടിന്റെ എല്ലാ ഭാഗങ്ങളിലും സഹോദരന്‍ അയ്യപ്പന്‍ വിതരണം ചെയ്‌തു. പിന്നീട്‌ തന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ 'സഹോദരന്‍' പത്രവും ആരംഭിച്ചു. അങ്ങനെയാണ്‌ അദ്ദേഹം 'സഹോദരന്‍ അയ്യപ്പന്‍' എന്നറിയപ്പെട്ടു തുടങ്ങിയത്‌.

സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഉപാധിയായി ഗുരു ക്ഷേത്രത്തെ കണ്ടപ്പോള്‍ സഹോദരന്‍ അമ്പലം, ധര്‍മ്മം കൊണ്ടു കച്ചവടം നടത്തുന്ന സ്‌ഥാപനമായി കണ്ടു. മതത്തിന്റെ പൊരുളിലൂടെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഏകത്വത്തെ ഗുരു ദര്‍ശിച്ചപ്പോള്‍ മനുഷ്യനെ പകുത്തു നിര്‍ത്തുന്ന മതം വേണ്ട എന്ന്‌ ശിഷ്യന്‍ പറഞ്ഞു. വിഭിന്നമാര്‍ഗ്ഗം ഇരുവരും സ്വീകരിച്ചെങ്കിലും ആശയപരമായുള്ള വൈവിദ്ധ്യം അവര്‍ക്കിടയിലില്ലായിരുന്നു.

ഹിന്ദുമതത്തിലെ അസംബന്ധങ്ങളോടും, അന്ധവിശ്വാസങ്ങളോടുമുള്ള എതിര്‍പ്പ്‌ തന്റെ കവിതകള്‍ക്ക്‌ കരുത്തായി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പുരോഗമന സാഹിത്യ പ്രസ്‌ഥാനം ജനിക്കുന്നതിനു മുന്‍പാണു അയ്യപ്പന്‍ ജനകീയ കവിതകളും ഉദ്‌ബോധന കവിതകളും ധാരാളമായി രചിച്ചത്‌. സാഹിത്യം എന്നതിനെക്കാള്‍ ആദര്‍ശ പ്രചരണമായിരുന്നു അവയുടെ ലക്ഷ്യം. മതങ്ങള്‍ തമ്മിലുള്ള എതിര്‍പ്പ്‌ എങ്ങനെ ഒഴിവാക്കാം എന്ന സാമൂഹ്യ പ്രശ്‌നത്തെയാണ്‌ ഗുരുവും ശിഷ്യനും നേരിട്ടത്‌. മതങ്ങളുടെ അനുരഞ്‌ജനത്തിലൂടെ പ്രശ്‌നം പരിഹരിക്കുവാന്‍ ഗുരു ശ്രമിച്ചപ്പോള്‍ മതങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നതിലൂടെ മാത്രമെ ശാശ്വത പരിഹാരമുണ്ടാകൂ എന്ന്‌ അയ്യപ്പന്‍ വിശ്വസിച്ചു.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ യുക്തിചിന്തയിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും ജനകീയമാക്കിയ പോരാളിയായിരുന്നു സഹോദരൻ അയ്യപ്പൻ. മിശ്രഭോജനത്തിലൂടെ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച അദ്ദേഹം 'സഹോദര സംഘം', 'സഹോദരൻ' പത്രം എന്നിവയിലൂടെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി. മതത്തെ നിരാകരിച്ചുകൊണ്ടുള്ള വിപ്ലവകരമായ പാത സ്വീകരിച്ചപ്പോഴും ഗുരുവിന്റെ ഏകത്വദർശനത്തോടും മാനവികതയോടും അദ്ദേഹം ഐക്യപ്പെട്ടു. വിദ്യയിലൂടെയും ആദർശപ്രചരണത്തിലൂടെയും അധഃസ്ഥിതരുടെ സാമൂഹിക പരിവർത്തനത്തിനായി നിലകൊണ്ട അയ്യപ്പൻ കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യമായ വ്യക്തിത്വമാണ്.

മറ്റ് വിഷയങ്ങൾ