കുമാരനാശാന്‍

നാരായണ ഗുരുവിന്റെ ശിഷ്യരില്‍ പ്രമുഖനാണ്‌ കുമാരനാശാന്‍. ഗുരുവിന്റെ ദര്‍ശനം മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നു നല്‍കുവാന്‍ തന്റെ കവിതകളും, ലേഖനങ്ങളും, പ്രഭാഷണങ്ങളും അദ്ദേഹം പ്രയോജനപ്പെടുത്തി. ഗുരുദേവാദര്‍ശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിക്കാട്ടിയ ആശാന്‍ `ചിന്നസ്വാമി' എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. പ്രതിഭാധനനായ കവിയെന്ന നിലയില്‍ മലയാള സാഹിത്യത്തില്‍ ആശാനുള്ള സ്‌ഥാനം വലുതാണ്‌. ആശാന്റെ പിതാവ്‌ ഗുരുവിനെ തന്റെ വീട്ടിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു പോകുകയും ബാലനായ കുമാരുവിനെ കണ്ട മാത്രയില്‍ അതിബുദ്ധിമാനാണെന്നു മനസ്സിലാക്കിയ ഗുരു വീട്ടുകാരുടെ സമ്മതപ്രകാരം കുട്ടിയെ തന്നോടൊപ്പം നിര്‍ത്തുവാന്‍ താത്‌പര്യപ്പെട്ടു.

അരുവിപ്പുറത്തെത്തി മൂന്നു വര്‍ഷക്കാലത്തോളം ഗുരുവിനോടൊപ്പം കുമാരു കഴിഞ്ഞു. വേദാന്തപരമായ വിശിഷ്ട ഗ്രന്ഥങ്ങള്‍ അക്കാലത്ത്‌ വായിക്കുകയും യോഗാസനങ്ങള്‍ പരിശീലിക്കുകയും ചെയ്‌തു. പിന്നീട്‌ കുട്ടിയുടെ ജന്മസിദ്ധമായ കഴിവുകള്‍ പരിപോഷിപ്പിക്കുവാന്‍ ഗുരു തന്നെ മുന്‍കൈയെടുത്തു. അന്ന്‌ മൈസൂര്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗസ്‌ഥനായ ഡോ. പല്‍പ്പുവിന്റെ കൂടെ താമസിപ്പിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ബാംഗ്ലൂരിലെ സംസ്‌കൃത കോളേജില്‍ ചേര്‍ന്നു ന്യായശാസ്ര്‌തം, വ്യാകരണം, എന്നിവ അഭ്യസിക്കുകയും ചെയ്‌തു.

പിന്നീട്‌ കല്‍ക്കട്ടയില്‍ താമസിച്ചു കൊണ്ട്‌ പഠനം തുടര്‍ന്നു. ആശാന്റെ ഇംഗ്ലീഷ്‌ പഠനത്തിനു അടിസ്‌ഥാനമിട്ടത്‌ കല്‍ക്കട്ടയിലെ ജീവിതമാണ്‌. കല്‍ക്കട്ടയില്‍ നിന്ന്‌ മടങ്ങിവന്നത്‌ പുരോഗമന ചിന്തയുള്ള ഒരു പുതിയ മനുഷ്യനായിട്ടാണ്‌. ബംഗാളില്‍ തുടക്കം കുറിച്ച സാംസ്‌കാരിക നവോത്ഥാന പ്രസ്‌ഥാനവുമായി അലിഞ്ഞു ചേരാന്‍ അദ്ദേഹത്തിനു സാധിച്ചു. സംസ്‌കൃതത്തിലും, ആംഗലേയ സാഹിത്യത്തിലും കൂടുതല്‍ അറിവു നേടാന്‍ ബംഗാള്‍ ജീവിതം നിമിത്തമായി. ആ വ്യക്‌തിത്വത്തിന്റെ രൂപപ്പെടലില്‍ ഗുരുവിനൊപ്പം ഡോ.പല്‍പ്പുവിനുണ്ടായിരുന്ന പങ്ക്‌ വലുതാണ്‌. 1903-ല്‍ എസ്‌.എന്‍.ഡി.പി യോഗം രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കുമാരനാശാന്‍ സെക്രട്ടറി സ്‌ഥാനം ഏറ്റെടുത്തു.

ജാതിയുടെ അര്‍ത്ഥമില്ലായ്‌മയെയും, സംഹാരശക്‌തിയെയും തന്റെ കവിതയിലൂടെ ആശാന്‍ തുറന്നുകാട്ടി. എസ്‌.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക പത്രമായ വിവേകോദയത്തിന്റെ പത്രാധിപ ചുമതലയും കുമാരനാശാന്‍ ഏറ്റെടുത്തു. സ്വന്തം മുക്തിയെക്കാള്‍ അന്യരുടെ മുക്തിക്ക്‌ പ്രാധാന്യം നല്‍കിയ ബുദ്ധന്‍ ആശാനെ വളരെയേറെ സ്വാധീനിച്ചിരുന്നു. നാരായണ ഗുരുവിന്റെ ലോകസേവന തത്‌പരമായ സന്ന്യാസ ജീവിതവും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. നാരായണ ഗുരുവും, കുമാരനാശാനും ഹിന്ദുമതത്തിലെ ശൈവ പാരമ്പര്യത്തോട്‌ അതീവ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു എന്നതിന്‌ അവരുടെ സ്‌തോത്ര കൃതികള്‍ തെളിവാണ്‌.

കുമാരനാശാന്റെ ഭൗതികവും, ആധ്യാത്മികവുമായ എല്ലാ ഉയര്‍ച്ചയുടെയും അടിത്തറ നാരായണ ഗുരുവായിരുന്നു. ശ്രീനാരായണ ഗുരുവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഒരാത്മബന്ധമായി വികസിച്ചു. അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്കു ശേഷം സമുദായത്തിലുണ്ടായ ഉണര്‍വിനെ ആധുനികവത്‌ക്കരണത്തിന്റെ ഊര്‍ജ്‌ജമാക്കി മാറ്റാന്‍ ഗുരു ശ്രമിച്ചിരുന്നു. ആ ഘട്ടത്തില്‍ ഗുരുവിന്റെ വലംകൈയായി പ്രവര്‍ത്തിച്ചത്‌ ആശാനായിരുന്നു. വിവേകാനന്ദന്റെ `രാജയോഗം' ആശാന്‍ മലയാളത്തിലേയ്‌ക്ക്‌ തര്‍ജ്ജമ ചെയ്‌തപ്പോള്‍ അത്‌ സമര്‍പ്പിച്ചത്‌ ഗുരുവിനായിരുന്നു. സമുദായ പുരോഗതിക്കുവേണ്ടി പ്രജാസഭാ സാമാജികനായിരുന്നു കൊണ്ടു ആശാന്‍ നിര്‍വഹിച്ചിട്ടുള്ള സേവനങ്ങള്‍ വിലപ്പെട്ടവയാണ്‌.

സമൂഹത്തിന്റെ സാംസ്‌കാരിക ഉണര്‍വിനായി ആശാന്‍ രചിച്ചിട്ടുള്ള കവിതകളില്‍ പലതിലും ഗുരുദേവ സിദ്ധാന്തങ്ങളിലെ ആത്മീയവെളിച്ചം തിളങ്ങി നില്‍ക്കുന്നതു കാണാം. ഗുരുവിന്റെ സന്ദേശങ്ങള്‍ സുശക്‌തമാക്കുവാന്‍ കവിതയെ അദ്ദേഹം മാധ്യമമാക്കി. വീണ പൂവിലൂടെ, നളിനിയിലൂടെ, ചിന്താവിഷ്‌ടയായ സീതയിലൂടെ ഒരു പുതിയ കാവ്യസംസ്‌കാരത്തിന്‌ അദ്ദേഹം തുടക്കം കുറിച്ചു. ദുരവസ്‌ഥയിലും, ചണ്ഡാലഭിക്ഷുകിയിലും തെളിഞ്ഞു നില്‍ക്കുന്നത്‌ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ പ്രതിഫലിക്കുന്ന തത്വാധിഷ്‌ഠിത ചിന്തകളാണ്‌.

`ഗുരു' എന്ന കീര്‍ത്തനത്തില്‍ കണ്‍കണ്ട ദൈവമായി ഗുരുവിനെ ആശാന്‍ വാഴ്‌ത്തുന്നുണ്ട്‌. ആശാന്‍ കവിതയിലെ ആധ്യാത്മിക പശ്ചാത്തലവും, വിവേകികളായ കഥാപാത്രങ്ങളുമെല്ലാം ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം കൊണ്ടാണെന്നുള്ളതില്‍ തര്‍ക്കമില്ല.

മറ്റ് വിഷയങ്ങൾ