ഡോ. പല്‍പ്പു

നാരായണഗുരുവിന്റെ ആശയങ്ങള്‍ അവശ സമുദായത്തിന്റെ ഉയര്‍ച്ചയ്‌ക്കു വേണ്ടി വിനിയോഗിച്ച ശിഷ്യനാണ്‌ ഡോ.പല്‍പ്പു. ഈഴവ ജാതിയില്‍ പിറന്നതിനാല്‍ സ്വന്തം നാട്ടില്‍ ജോലി ലഭിക്കാത്തതു കൊണ്ട്‌ മദ്രാസ്സിലും, മൈസൂരിലുമായിരുന്നു അദ്ദേഹം ഉദ്യോഗം വഹിച്ചത്‌. ഗുരുവിന്റെ ആശയങ്ങള്‍ക്ക്‌ സംഘടനയുടെ ശക്‌തി കൈവന്നത്‌ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവുകൊണ്ടാണ്‌. അവഗണിക്കപ്പെട്ടവന്റെ അനുഭവപാടവം അദ്ദേഹത്തെ വ്യത്യസ്‌തമായി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. പത്രമാധ്യമങ്ങളിലൂടെ തന്റെ ആശയങ്ങളും, ആശങ്കകളും പൊതുസമൂഹവുമായി അദ്ദേഹം പങ്കുവെച്ചു.

ഇത്തരം ഒറ്റപ്പെട്ട പോരാട്ടങ്ങള്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടാലുണ്ടാകുന്ന ആപത്തുകള്‍ സംസ്‌ഥാന സര്‍ക്കാരിനെ ആകുലപ്പെടുത്തിയിരുന്നു. ജാതീയ വേര്‍തിരിവിനെതിരെ പല്‍പ്പു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വേളയിലാണ്‌ മലയാളി മെമ്മോറിയല്‍ തിരുവിതാംകൂറിന്‌ സമര്‍പ്പിച്ചത്‌. മലയാളികള്‍ക്ക്‌ തിരുവിതാംകൂറില്‍ ജോലി നിഷേധിക്കുന്നതിനെതിരെയുള്ള ആ മെമ്മോറിയലില്‍ മൂന്നാമതായി ഒപ്പുവെച്ച ആള്‍ പല്‍പ്പുവായിരുന്നു. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചെങ്കിലും ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തള്ളിക്കളയുകയായിരുന്നു.

ഇതില്‍ നിന്നും പിന്മാറാതെ, ദിവാനെ നേരില്‍ കണ്ട്‌ തന്റെ ആവശ്യങ്ങള്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം മുന്നോട്ടുവന്നു. അധികാരികള്‍ നിഷേധാത്മക സമീപനം സ്വീകരിച്ചപ്പോള്‍ ശ്രീമൂലം തിരുനാളിന്‌ തിരുനാള്‍ ദിവസം 13176 പേര്‍ ഒപ്പിട്ട ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചു. ദിവാന്‍ അടക്കമുള്ളവരുടെ മനസ്സലിയാത്ത സാഹചര്യത്തില്‍ 'ട്രീറ്റ്‌മെന്റ്‌ ഓഫ്‌ തീയാസ്‌ ഇന്‍ ട്രാവന്‍കൂര്‍' എന്ന പുസ്‌തകം എഴുതി കേരളത്തിനകത്തും, പുറത്തും അദ്ദേഹം വിതരണം ചെയ്‌തു. സംവരണ വാദത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍ യുക്‌തിബദ്ധമായി ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

മദ്രാസ്സ്‌ ഗവര്‍ണര്‍ക്ക്‌ നിവേദനം അയച്ചെങ്കിലും ഫലമില്ലാതെ വന്നപ്പോള്‍ ബാരിസ്‌റ്റര്‍ ജി.പി.പിള്ളയെ ഇംഗ്ലണ്ടിലയച്ച്‌ പ്രശ്‌നം ബ്രിട്ടീഷ്‌ പാര്‍ലമെന്റിലവതരിപ്പിച്ചു. ആധുനിക തിരുവിതാംകൂറിലെ രാഷ്‌ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്‌ എന്ന നിലയില്‍ അറിയപ്പെട്ട കോണ്‍ഗ്രസ്സ്‌ നേതാവായിരുന്നു ബാരിസ്‌റ്റര്‍ ജി.പി.പിള്ള. അദ്ദേഹത്തിന്റെ ശ്രമഫലമായി ഹേര്‍ബര്‍ട്ട്‌ റോബര്‍ട്ട്‌ എന്ന പാര്‍ലമെന്റ്‌ മെമ്പര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുകയുണ്ടായി. തിരുവിതാംകൂറില്‍ പല മാറ്റങ്ങളും സൃഷ്‌ടിക്കുവാന്‍ പല്‍പ്പുവിന്റെ ഈ ശ്രമം സഹായകമായി. 1892-ല്‍ സ്വാമി വിവേകാനന്ദന്‍ മൈസൂര്‍ സന്ദര്‍ശിച്ച വേളയില്‍ തന്റെ നാടിന്റെ പ്രശ്‌നങ്ങള്‍ വിവേകാനന്ദനു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഒരു ആത്മീയ ഗുരുവിനെ കണ്ടെത്തി, സാമൂഹിക അരക്ഷിതാവസ്‌ഥയ്‌ക്ക്‌ പരിഹാരം തേടാനാണ്‌ വിവേകാനന്ദന്‍ നിര്‍ദ്ദേശിച്ചത്‌. ഇന്ത്യയെ ഉയര്‍ത്തുകയോ, താഴ്‌ത്തുകയോ ചെയ്യണമെങ്കില്‍ മതത്തിന്റെ കൈപ്പിടിയിലാക്കണമെന്ന വിവേകാനന്ദന്റെ വാക്കുകള്‍ ശരിക്കും ഉള്‍ക്കൊള്ളുവാന്‍ പല്‍പ്പുവിനു കഴിഞ്ഞിരുന്നു. മൈസൂറില്‍ ഡോക്‌ടറായി സേവനം അനുഷ്‌ഠിക്കുന്ന വേളയില്‍ അവിടുത്തെ അവശസമുദായങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും `വലിഗര്‍ അസോസിയേഷന്‍' എന്ന സംഘടനയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. അതിന്റെ നിയമാവലിയ്‌ക്കനുസൃതമായാണ്‌ എസ്‌.എന്‍.ഡി.പി യോഗത്തിന്റെയും നിയമാവലി രൂപപ്പെടുത്തിയിരിക്കുന്നത്‌.

എസ്‌.എന്‍.ഡി.പി.യെന്ന പ്രസ്‌ഥാനത്തിന്‌ ജന്മം നല്‍കിയ പല്‍പ്പു അവശതയനുഭവിക്കുന്ന അവര്‍ണ്ണര്‍ക്കു വേണ്ടി നിരന്തരം പോരാട്ടം നടത്തി. അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ തീണ്ടലും, തൊടീലും നീക്കിക്കിട്ടുവാനോ, സാമുദായികാചാരങ്ങള്‍ പരിഷ്‌ക്കരിക്കുവാനോ ശ്രമിച്ചു കാണുന്നില്ല. എല്ലാത്തിനും പരിഹാരം വിദ്യാഭ്യാസം നേടുക മാത്രമാണെന്ന അഭിപ്രായം അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ അനാചാരങ്ങള്‍ നിര്‍ത്തല്‍ ചെയ്യുന്നതിനു വേണ്ട ശ്രമങ്ങള്‍ തുടങ്ങി. ഈഴവരെ പ്രജാ സഭയില്‍ മെമ്പര്‍മാരായി നിയമിക്കുവാന്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന വി. പി. മാധവ റാവുവിനെ പ്രേരിപ്പിച്ചത്‌ ഡോ.പല്‍പ്പുവായിരുന്നു.

സ്‌കൂള്‍ പ്രവേശനം, ഗവണ്മെന്റ്‌ സര്‍വീസില്‍ പ്രാതിനിധ്യം, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ അവകാശവാദങ്ങള്‍ നടത്തുന്നതിന്‌ ഗ്രാമസഭയെ ഉപയോഗിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സാമുദായിക നില ഭദ്രമാക്കുവാന്‍ ശ്രമിക്കുന്നതോടൊപ്പം സാമ്പത്തിക നില നന്നാക്കുക എന്ന ലക്ഷ്യത്തോടെ `മലബാര്‍ എക്കണോമിക്‌ യൂണിയന്‍' എന്ന പേരില്‍ ഒരു കമ്പനി സ്‌ഥാപിച്ചു നടത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞു. സാധാരണ ജനങ്ങളുടെ ധനസ്‌ഥിതി നന്നാക്കുവാന്‍ കുടില്‍ വ്യവസായങ്ങള്‍ക്കുള്ള സ്‌ഥാനത്തെപ്പറ്റിയും അദ്ദേഹം ബോധവാനായിരുന്നു. ശ്രീനാരായണഗുരുവിന്റെ വെറുമൊരു ശിഷ്യന്‍ എന്നതിലുപരി ഗുരുവില്‍ സ്വാധീനം ചെലുത്തിയ ഒരു സഹയാത്രികനായിരുന്നു ഡോ.പല്‍പ്പു.

മറ്റ് വിഷയങ്ങൾ