മുലൂര്‍ പത്മനാഭപ്പണിക്കര്‍

ശ്രീനാരായണ ധര്‍മ്മ പ്രചാരകന്‍, കവി, അധ്യാപകന്‍, വിദ്യാലയ സ്‌ഥാപകന്‍, എസ്‌.എന്‍.ഡി.പി. ഉപാദ്ധ്യക്ഷന്‍, ഹരിജനോദ്ധാരകന്‍ തുടങ്ങിയ നിലയില്‍ വ്യക്‌തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ ശിഷ്യനായിരുന്നു മുലൂര്‍. ഗുരുവിന്റെ ലോകസേവനത്തിനുള്ള വഴിയൊരുക്കുവാന്‍ മുന്നോട്ടു വന്ന അദ്ദേഹം താഴ്‌ന്ന ജാതിക്കാര്‍ക്കിടയില്‍ ലളിതമായ വിവാഹരീതി നടപ്പിലാക്കുവാന്‍ യത്‌നിച്ചു. ഹരിജനസംഘങ്ങള്‍ സംഘടിപ്പിക്കുക, ഗാനങ്ങള്‍ എഴുതി പാടിക്കുക എന്നിവയില്‍ അദ്ദേഹം തത്‌പരനായിരുന്നു. മനുഷ്യാവകാശങ്ങള്‍ സ്‌ഥാപിച്ചെടുക്കുവാന്‍ ഒട്ടേറെ വാക്‌സമരങ്ങള്‍ അദ്ദേഹത്തിന്‌ നടത്തേണ്ടിവന്നു.

പതിനാലുകൊല്ലം പ്രജാസഭാ മെമ്പറായിരുന്ന അദ്ദേഹം സ്വന്തം സമുദായത്തോടൊപ്പം മറ്റ്‌ താണ സമുദായങ്ങളുടെയും ഉണര്‍വ്‌ തന്റെ ജീവിതവ്രതമായി സ്വീകരിച്ചു. സാഹിത്യമണ്ഡലത്തില്‍ നിലനിന്നിരുന്ന സവര്‍ണ്ണാധിപത്യത്തെ ഒറ്റയ്‌ക്കു നിന്നു പ്രതിരോധിക്കുവാനും അതില്‍ വിജയം വരിക്കാനും അദ്ദേഹത്തിനു സാധിച്ചു.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കേരളത്തില്‍ ജീവിച്ചിരുന്ന കവികളെ കഥാപാത്രങ്ങളാക്കി `കവിഭാരതം' എന്ന കവിത രചിച്ചപ്പോള്‍ പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യന്‍, വെളുത്തേരി കേശവന്‍ വൈദ്യന്‍, ശ്രീനാരായണഗുരു തുടങ്ങിയ അവര്‍ണ്ണ സമുദായത്തിലെ കവികള്‍ക്ക്‌ അതില്‍ സ്‌ഥാനം നല്‍കണമെന്ന്‌ മുലൂര്‍ വിനീതമായി അഭ്യര്‍ത്ഥിച്ചു. അബോധപൂര്‍വമായ ജാത്യഭിമാനത്താല്‍ തമ്പുരാന്‍ അതിന്‌ തയ്യാറായില്ല. അതിന്റെ പ്രതിഷേധമായിരുന്നു 1896-ല്‍ പ്രസിദ്ധീകൃതമായ `കവിരാമായണം'. അതില്‍ പെരുന്നെല്ലിയെ ഹനുമാനും, വെളുത്തേരിയെ ബാലിയും, ശ്രീനാരായണഗുരുവിനെ വാത്മീകിയായും ചിത്രീകരിച്ചു.

നാരായണ ഗുരുവിനെ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുടെ പേരില്‍ സ്‌തുതിക്കുന്ന മുലൂര്‍ എഴുതിയ കവിതയാണ്‌ `ശ്രീനാരായണ ഗുരുദേവ മഞ്‌ജരി'. മുലൂര്‍ സര്‍ക്കാരില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായാണ്‌ എല്ലാ കൊല്ലവും പ്രജാസഭയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത്‌ ജൂബിലി ടൗണ്‍ ഹാളില്‍ കൂടുന്ന വേളയില്‍ ദിവാന്‍ അധ്യക്ഷത വഹിച്ചുകൊണ്ട്‌ ഒരു അധ:കൃതയോഗം കൂടുന്ന പതിവ്‌ നടപ്പിലായത്‌.

ശ്രീമൂലം പ്രജാസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്ന കുറുമ്പന്‍ ദൈവത്താന്‍ എന്ന തന്റെ ശിഷ്യനുവേണ്ടി രചിച്ചു കൊടുത്ത ഗാനങ്ങളാണ്‌ `ദൈവത്താന്‍ പാട്ടുകള്‍' എന്ന പേരിലറിയപ്പെടുന്നത്‌. സമുദായരംഗത്തും, സാഹിത്യരംഗത്തും നിലനിന്ന ജാതിപ്പിശാചിനെ ഇല്ലാതാക്കാന്‍ മുന്നോട്ടുവന്ന മുലൂര്‍ ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു.

മറ്റ് വിഷയങ്ങൾ