എം.ഗോവിന്ദന്‍

എം.ഗോവിന്ദന്‍

എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച്‌ തിരുവിതാംകൂറില്‍ ജഡ്‌ജി വരെ ഉയര്‍ന്ന ഈഴവ സമുദായത്തിലെ ആദ്യകാല ഉദ്യോഗസ്‌ഥനായിരുന്നു എം.ഗോവിന്ദന്‍. അവര്‍ണ്ണ വിഭാഗത്തില്‍ പെട്ടതിനാല്‍ ഹജൂര്‍ കച്ചേരിയില്‍ ക്ലാര്‍ക്കുദ്യോഗത്തിനു പോലും അര്‍ഹതയില്ലെന്ന്‌ സര്‍ക്കാര്‍ വിധിച്ചപ്പോള്‍ അതിനെതിരെ അദ്ദേഹം രംഗത്തെത്തി. നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഈഴവ സമുദായത്തിലെ മക്കത്തായ ബില്‍ പാസ്സാക്കിയെടുക്കുന്ന കാര്യത്തില്‍ അദ്ദേഹം മുന്നിട്ടുനിന്നു. എസ്‌.എന്‍.ഡി.പി. നേതാവായും, ഗുരുദേവ സന്ദേശങ്ങളുടെ പ്രചാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജീവിതത്തിലുടനീളം സമഭാവനയും, ജീവകാരുണ്യവും അദ്ദേഹം പുലര്‍ത്തിയിരുന്നു.

ഈഴവ റെഗുലേഷന്റെ പ്രമുഖ ശില്‍പി, ശ്രീമൂലം പ്രജാസഭാ മെമ്പര്‍, നീതിനിഷ്‌ഠനായ ജഡ്‌ജി, എസ്‌.എന്‍.ഡി.പി യോഗത്തിന്റെ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ തന്റെ സേവനങ്ങള്‍ നിര്‍വഹിച്ച ഗുരുശിഷ്യനായിരുന്നു അദ്ദേഹം. ഗുരുവിന്റെ യുക്‌തിവിചാരവും, നര്‍മ്മബോധവും അദ്ദേഹത്തിന്റെ ജീവിതത്തിലും പുലര്‍ത്തിപ്പോന്നു. തിരുവിതാംകൂറിലെ ഈഴവ സമുദായത്തിന്‌ വിദ്യാഭ്യാസ സംബന്ധമായും, ഉദ്യോഗസംബന്ധമായുമുള്ള സങ്കടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവയ്‌ക്കു പരിഹാരം നേടാനും ഗോവിന്ദന്റെ പ്രസംഗങ്ങള്‍ വളരെയേറെ ഉപകരിച്ചിട്ടുണ്ട്‌.

അയിത്ത ജാതിക്കാര്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സ്‌കൂളുകളില്‍ പ്രവേശനാനുമതി നേടിയെടുക്കുന്നതിനും, സമുദായത്തില്‍ യോഗ്യതയുള്ളവര്‍ക്ക്‌ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കൊടുത്തു തുടങ്ങുന്നതിനും ദിവാന്‍ രാജഗോപാലാചാരിയും, തിരുവിതാംകൂര്‍ മഹാരാജാവും സന്നദ്ധനായത്‌, അത്തരം പ്രശ്‌നങ്ങള്‍ അവരുടെ മുന്നില്‍ ഇദ്ദേഹത്തിന്‌ അവതരിപ്പിക്കുവാന്‍ കഴിഞ്ഞതു കൊണ്ടാണ്‌. തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന്‌ ആദ്യമായി മുന്‍സിഫ്‌ ഉദ്യോഗം ലഭിച്ച ഈഴവനും ഇദ്ദേഹമായിരുന്നു. ഉദ്യോഗത്തില്‍ നിന്നു വിരമിച്ചതിനു ശേഷം ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം ശിവഗിരിയിലെ മാതൃകാ വിദ്യാലയത്തിന്റെ മാനേജര്‍ സ്‌ഥാനം അദ്ദേഹം ഏറ്റെടുത്തു.

സി. കേശവന്‍

സി. കേശവന്‍

നാരായണ ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യരില്‍ വേറിട്ട വ്യക്‌തിത്വത്തിനുടമയായിരുന്നു സി.കേശവന്‍. അനീതിയ്‌ക്കും അസമത്വത്തിനുമെതിരെ തുടര്‍ച്ചയായി കലഹിച്ച ഒരാളായിരുന്നു സി.കേശവന്‍. തിരുവിതാംകൂര്‍ രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു, തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉപദേഷ്‌ടാവായിരുന്ന സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ കേശവന്‍ കോഴഞ്ചേരിയില്‍ നടത്തിയ പ്രസംഗത്തിന്റെ പരിണിത ഫലമായിരുന്നു അധ:സ്‌ഥിത സമുദായങ്ങള്‍ക്ക്‌ ഉദ്യോഗത്തില്‍ പ്രാതിനിധ്യം നേടുന്നതിനു വേണ്ടിയുള്ള നിവര്‍ത്തന പ്രക്ഷോഭണം.

തിരുവിതാംകൂറില്‍ സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ തുടക്കത്തിനും, ഉത്തരവാദ ഭരണപ്രക്ഷോഭത്തിനും ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നതിന്‌ ഇത്‌ പ്രചോദനമായി. നാരായണഗുരുവിന്റെ നീതിനിഷ്‌ഠനായ ശിഷ്യനായിരുന്നു സി.കേശവന്‍. തിരുവിതാംകൂറില്‍ വേണ്ടത്ര ദേശീയ പ്രബുദ്ധതയോ, സ്വാതന്ത്ര്യബോധമോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ മഹാരാജാവിന്റെ ഉപദേഷ്‌ടാവിനെതിരെ നിശിതമായി വിമര്‍ശിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌ അദ്ദേഹം ആര്‍ജിച്ച വിവേകാനന്ദന്റെ ആദര്‍ശങ്ങളും ഭഗവത്‌ ഗീതാവചനങ്ങളുമാണെന്ന്‌ `ജീവിതസമരം' എന്ന ആത്മകഥയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്‌.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മദ്യവര്‍ജ്‌ജന പ്രക്ഷോഭണത്തിലൂടെ ഒരു പ്രക്ഷോഭകാരിയായി അദ്ദേഹം മാറുകയായിരുന്നു. 1951 ല്‍ തിരു-കൊച്ചിയിലെ മുഖ്യമന്ത്രിയായി അദ്ദേഹം സ്‌ഥാനം ഏറ്റെടുത്തു. ഡോ പല്‍പ്പുവിനു ശേഷം സാമുദായിക നീതിക്കു വേണ്ടി വീറോടെ അവകാശ സമരം ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. `ജീവിതസമരം' എന്ന അദ്ദേഹത്തിന്റെ ആത്മകഥ മലയാള സാഹിത്യത്തിന്‌ വിലപ്പെട്ട സംഭാവനയാണ്‌. ജാതീയമായ അനാചാരങ്ങള്‍ക്കും, അനീതികള്‍ക്കുമെതിരെ നടന്നിട്ടുള്ള മിക്ക പോരാട്ടങ്ങളുടെയും വസ്‌തുനിഷ്‌ഠമായ വിവരങ്ങള്‍ അടങ്ങിയ ഒരു റഫറന്‍സ്‌ ഗ്രന്ഥമാണത്‌. കൗമുദി വാരികയുടെ പത്രാധിപര്‍ ആയിരുന്ന കെ.ബാലകൃഷ്‌ണന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്‌.

മറ്റ് വിഷയങ്ങൾ